Friday, February 26, 2010

ക്രീസിലെ രാജകുമാരന്‍െറ പ്രിയപത്‌നി

നന്നായി നൃത്തം ചെയ്യുന്ന അയല്‍പക്കത്തെ സുന്ദരിപ്പെണ്‍കുട്ടിയെ ക്രിക്കറ്റിന്‍െറ മഹാരാജയായ സൗരവ്‌ ഗാംഗുലി സ്വന്തമാക്കിയത്‌ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു.

നൃത്താധ്യാപികയായ, ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുന്ന, സനയെന്ന

മിടുക്കികുട്ടിയുടെ അമ്മയായ ഡോണാ ഗാംഗുലിയുടെവിശേഷങ്ങളിലേക്ക്‌:


തിരക്കുകളെക്കുറിച്ച്‌...

മകളുടെ കൂടെയാണ്‌ ഞാന്‍ എപ്പോഴും. അവളെ കളിപ്പിച്ചും പാഠങ്ങള്‍ പറഞ്ഞുകൊടുത്തുമൊക്കെ മാതൃത്വം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്‌. സനയുടെ കൂടെയാകുമ്പോള്‍ സമയം പോകുന്നതറിയില്ല.

കൊച്ചുകുട്ടികളെ പഠിപ്പിക്കാന്‍ നല്ല ഇഷ്‌ടമാണ്‌. ഞാന്‍ നൃത്തം അഭ്യസിപ്പിച്ച കുട്ടികളാണ്‌ പല പ്രമുഖ ഡാന്‍സ്‌ മത്സരങ്ങളിലും സമ്മാനം നേടുന്നത്‌.
ഒരുപാട്‌ യാത്രചെയ്‌ത്‌ പലപല വേദികളിലും നൃത്തം അവതരിപ്പിക്കാന്‍ ഒരുപാടിഷ്‌ടമാണ്‌. ഖജുരാഹോയില്‍ നിന്നും ഉജ്ജയിനില്‍ നിന്നുമൊക്കെ കോള്‍ വരുമ്പോള്‍ വളരെ സന്തോഷം തോന്നും.

നൃത്തത്തോടുള്ള അഭിനിവേശം

വളരെയേറെ തിരക്കുകളുള്ള ഒരു സെലിബ്രിറ്റിയുടെ ഭാര്യയാണ്‌ ഞാന്‍. ഒഴിവുസമയങ്ങളില്‍ എനിക്ക്‌ ആശ്വാസം പകരുന്നത്‌ നൃത്തമാണ്‌. അതെന്‍െറ കരിയറിന്‍െറയും ജീവിതശൈലിയുടെയും ഭാഗമായിക്കഴിഞ്ഞതാണ്‌. മാത്രമല്ല അതില്‍നിന്ന്‌ പേരും പ്രശസ്‌തിയും ലഭിക്കുന്നുമുണ്ട്‌.

നൃത്ത പഠനം

കെ ജി ക്‌ളാസില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. അമലാ ശങ്കര്‍ ആയിരുന്നു ആദ്യ ഗുരു. ആറാം ക്‌ളാസിലെത്തിയപ്പോള്‍ കേളുചന്ദ്ര മഹാപാത്രയുടെ ശിഷ്യയായി. ഗുരുജിയുടെ ശിഷ്യഗണങ്ങളും എനിക്ക്‌ പാഠങ്ങള്‍ പറഞ്ഞു തന്നിരുന്നു.
പത്താം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഡോവര്‍ ലേന്‍ മ്യൂസിക്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മാതാപിതാക്കളാണ്‌ എന്‍െറ ഏറ്റവും വലിയ അനുഗ്രഹം. പ്രഗല്ഭരായ ഗുരുക്കന്മാരെ വീട്ടില്‍ കൊണ്ടുവന്ന്‌ താമസിപ്പിച്ച്‌ നൃത്തം പഠിപ്പിക്കാന്‍ അവര്‍ താല്‍പര്യം കാട്ടി.
ഇന്ന്‌ ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ വിജയിച്ച്‌ വരുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്‌.


ദിക്ഷാ മഞ്ചരിയെക്കുറിച്ച്‌

ദിക്ഷാ മഞ്ചരി ആരംഭിച്ചിട്ട്‌ 10 വര്‍ഷമായി. ലതാജി (ലതാ മങ്കേഷ്‌കര്‍)യാണ്‌ അതിന്‍െറ ഉത്‌ഘാടനം നിര്‍വ്വഹിച്ചത്‌.
ബംഗാളിലെ തന്നെ ഏറ്റവും വലിയ പാഠ്യേതര സ്‌കൂളാണതെന്ന്‌ പലര്‍ക്കും അറിയില്ല. 2,000 വിദ്യാര്‍ത്ഥികളെ അവിടെ പ്രവേശിപ്പിക്കുന്നുണ്ട്‌. ഒഡീസി അഭ്യസിക്കാന്‍ മാത്രമായി 300-350 കുട്ടികളുണ്ട്‌. നീന്തല്‍, യോഗ, കരാട്ടെ, കഥക്‌, ഭരതനാട്യം, രബീന്ദ്രസംഗീതം, ക്‌ളാസിക്കല്‍ മ്യൂസിക്‌, തബല തുടങ്ങിയവയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്‌.


ദിക്ഷാ മഞ്ചരിയുടെ ഭാവി പദ്ധതികള്‍

സ്‌കൂള്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമത്തിലാണ്‌. സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു.

ഉത്തര്‍ പ്രദേശിലും ബിഹാറിലും ഇത്‌ പോലുള്ള വിദ്യാലയങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്‌.

പക്ഷേ മകള്‍ വളര്‍ന്ന്‌ വരുന്ന പ്രായമായതിനാല്‍ അവളുടെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. അവള്‍ മൂന്നാം ക്‌ളാസിലായതേ ഉള്ളൂ.

അവള്‍ ഹൈസ്‌കൂളില്‍ എങ്കിലും എത്തിയതിനു ശേഷം മാത്രമേ പൂര്‍ണ്ണമായും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കൂ.


ഗാംഗുലിയുമൊത്തുള്ള ജീവിതം

ഒരുപാട്‌ വര്‍ഷത്തെ പരിചയമുണ്ട്‌ ഞങ്ങള്‍ തമ്മില്‍. അദ്ദേഹം ഒരു ക്രിക്കറ്റര്‍ അല്ലായിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തിന്‍െറ ഭാര്യ ആകുമായിരുന്നു.
ചെറുപ്പത്തിലേ ക്രിക്കറ്റ്‌ കളിക്കാറുണ്ടായിരുന്ന സൗരവ്‌ ഇത്രയും പ്രശസ്‌തിയിലേക്ക്‌ ഉയരുമെന്ന്‌ കരുതിയിരുന്നില്ല. സ്വപ്‌നം കാണാന്‍പോലും സാധിക്കാത്ത സൗഭാഗ്യങ്ങള്‍ നല്‍കിയതിന്‌ ദൈവത്തോട്‌ നന്ദിയുണ്ട്‌.

ക്രിക്കറ്റുമായി ബന്ധപ്പെട്ട്‌ അന്ധവിശ്വാസങ്ങള്‍

അത്തരം കാര്യങ്ങള്‍ കഴിഞ്ഞുപോയല്ലോ. മികച്ച ഒരു കരിയറിന്‌ ശേഷം സൗരവ്‌ വിരമിച്ചു. ആ സൗഭാഗ്യങ്ങളുടെ ഭാഗമാവാന്‍ സാധിച്ചത്‌ മഹാഭാഗ്യമാണ്‌.

ആമിര്‍ വീട്ടിലെത്തിയപ്പോള്‍

അത്‌ തികച്ചും അപ്രതീക്ഷിതമായിരുന്നല്ലോ. ആമിറില്‍ നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. ചിത്രത്തിന്‍െറ പബ്‌ളിസിറ്റിക്കായി അദ്ദേഹത്തെപ്പോലൊരു സൂപ്പര്‍ താരം ഇറങ്ങുന്നതും, ആ കഠിനാധ്വാനവുമൊക്കെ മാതൃകയാക്കേണ്ടതാണ്‌.

ഇഷ്‌ടപ്പെട്ട ഹോബി

സനയുടെ കൂടെയിരിക്കാന്‍. അവളെ സിനിമയ്‌ക്ക്‌ കൊണ്ടുപോകാനും കഥ പറഞ്ഞുകൊടുക്കാനും നൃത്തം പഠിപ്പിക്കാനുംമൊക്കെ വളരെ ഇഷ്‌ടമാണ്‌. അവള്‍ നന്നായി ഡാന്‍സ്‌ ചെയ്യും.

സനയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍

അച്ഛന്‍െറ കഴിവുകള്‍ അവള്‍ക്കും കിട്ടിയിട്ടുണ്ട്‌. നീന്തല്‍, അത്‌ലറ്റിക്‌സ്‌, ടെന്നീസ്‌ എന്നിവയില്‍ അവള്‍ക്ക്‌ നല്ല താത്പര്യമുണ്ട്‌

No comments:

Post a Comment