Saturday, February 27, 2010


വരുന്നു മാരുതിയുടെ സെര്‍വ്വോ







ഇന്ത്യയില്‍ കാര്‍ വിപ്ളവത്തിന് തുടക്കമിട്ട മാരുതി ഉത്പാദനം അവസാനിപ്പിക്കുന്ന 800 മോഡലിന് പകരം സെര്‍വ്വോയെ ഇറക്കുന്നു. കാഴ്ചയില്‍ 800 നേക്കാള്‍ അഴകും ആധുനിക സൌകര്യങ്ങളുമുള്ളതാണ് മാരുതി സുസൂക്കിയുടെ പുതിയ സെര്‍വോ. കാഴ്ചയില്‍ 800 നേക്കാള്‍ സൌന്ദര്യം സെര്‍വോയ്ക്കുണ്ട്. 660 സിസി എഞ്ചിനും 54 ബിഎച്ച്പി കരുത്തുമുള്ള സെര്‍വോയ്ക്ക് മികച്ച ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നുണ്ട്. ചെറുകാറുകളുടെ വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പരമാവധി കുറഞ്ഞ വിലയ്ക്കായിരിക്കും വാഹനം വിപണിയിലെത്തുക.

ടാറ്റയുടെ നാനോയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഒന്നരലക്ഷം രൂപയ്ക്ക് തന്നെ സെര്‍വോയെ ഇറക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വിലക്കുറവ് കൊണ്ടു തന്നെ 800 ന്റെ അഭാവം നികത്താന്‍ സെര്‍വോയ്ക്ക് കഴിയുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. വരുന്ന ജൂണില്‍ സെര്‍വോ വിപണിയിലെത്തും.

സാധാരണക്കാരന്റെ കാര്‍ എന്ന ആശയവുമായി 1984 ലാണ് മാരുതി 800 മോഡലിനെ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കൊച്ചുകാര്‍ ഇടത്തരം കുടുംബങ്ങളുടെ സന്തതസഹചാരിയായി മാറി. 26 വര്‍ഷം പിന്നീട്ടിട്ടും 800 ന്റെ ജനപ്രീതിയ്ക്ക് ഇന്നും കുറവൊന്നും വന്നിട്ടില്ല. മാരുതിയുടെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഒരിക്കല്‍ പോലും വില്‍പ്പന താഴേക്ക് പോയിട്ടില്ലാത്ത മോഡലാണ് 800 എന്നതും ശ്രദ്ധേയമാണ്. തുടക്കത്തിലുള്ള മോഡലുകളില്‍ നിന്ന് ചില്ലറ മാറ്റങ്ങള്‍ വരുത്താനും കാലാകാലങ്ങളില്‍ കമ്പനി ശ്രദ്ധിച്ചിരുന്നു.

രണ്ടായിരത്തിന്റെ തുടക്കം മുതലാണ് 800 ന്റെ എസി മോഡലുകള്‍ രംഗത്തിറങ്ങിയത്. ഒരു ലക്ഷം രൂപയ്ക്ക് നാനോയെത്തിയപ്പോള്‍ പോലും ആളുകള്‍ക്ക് വിശ്വാസം 800 നെ തന്നെയായിരുന്നു. ഒടുവിലിപ്പോള്‍ സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് 800 നെ മടക്കിവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. നിയമപ്രകാരം പുതിയ വാഹനങ്ങളില്‍ മലീനീകരണ നിയന്ത്രണത്തിനായി ഭാരത് സ്റേജ് -നാല് മാനദണ്ഡങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.

പഴയ മോഡലില്‍ പണം മുടക്കി ഇത്തരമൊരു പരീക്ഷണം നടത്തുന്നതിന് പകരം പുതിയൊരു മോഡല്‍ തന്നെ രംഗത്തിറക്കുവാനാണ് മാരുതി തീരുമാനിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ മാരുതി 800 വില്‍പ്പന നിര്‍ത്തികഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ തന്നെ മോഡല്‍ മറ്റിടങ്ങളില്‍ നിന്നു കൂടി അപ്രത്യക്ഷമാകും

Friday, February 26, 2010

ഹമ്മര്‍ വിടവാങ്ങുന്നു


വാഷിങ്ടണ്‍: വാഹന പ്രേമികളുടെ സ്വപ്നമായ ഹമ്മര്‍ ഓര്‍മ്മയാകുന്നു. നിര്‍മ്മാണം നഷ്ടത്തിലായതോടെ ഹമ്മറുകളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്. ഹമ്മറിനെ ഏറ്റെടുക്കാന്‍ സന്നദ്ധമായി ഒരു ചൈനീസ് കമ്പനി അടുത്തിടെ രംഗത്തു വന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാഞ്ഞതാണ് ഹമ്മറിന്റെ അകാലചരമത്തിന് ഇടയാക്കിയത്. ചൈനീസ് ഭരണകൂടത്തിന്റെ ചില നിയന്ത്രണ പ്രശ്നങ്ങളെ തുടര്‍ന്ന് ഷോങ് ഹെമി മെഷീന്‍സ് ഈ ഉദ്യമത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

അതേ സമയം മോഡലിന്റെ നിര്‍മ്മാണം നിര്‍ത്തിയാലും നിലവിലുള്ള ഹമ്മര്‍ ഉപഭോക്താക്കള്‍ക്ക് സ്പെയര്‍ പാര്‍ട്സുകളും സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് ജനറല്‍ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം നിര്‍ത്തുന്നത് അയ്യായിരത്തോളം തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ കൈമാറ്റശ്രമങ്ങള്‍ക്കായി ഭരണകൂടവും അവസാനവട്ട ശ്രമങ്ങള്‍ നടത്തിവരുകയാണ്.

അമേരിക്കയിലെ സൈനികാവശ്യങ്ങള്‍ക്കായി 1992 ല്‍ പുറത്തിറക്കിയ ഹമ്മര്‍ പിന്നീട് വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായി മാറുകയായിരുന്നു. ഇന്ത്യയിലേക്കെത്തുമ്പോള്‍ ഒരു കോടിയിലധികം കോടി രൂപ ചിലവാകുന്ന ഹമ്മര്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിയും ഹര്‍ഭജന്‍ സിങും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു
.

ക്രീസിലെ രാജകുമാരന്‍െറ പ്രിയപത്‌നി

നന്നായി നൃത്തം ചെയ്യുന്ന അയല്‍പക്കത്തെ സുന്ദരിപ്പെണ്‍കുട്ടിയെ ക്രിക്കറ്റിന്‍െറ മഹാരാജയായ സൗരവ്‌ ഗാംഗുലി സ്വന്തമാക്കിയത്‌ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു.

നൃത്താധ്യാപികയായ, ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുന്ന, സനയെന്ന

മിടുക്കികുട്ടിയുടെ അമ്മയായ ഡോണാ ഗാംഗുലിയുടെവിശേഷങ്ങളിലേക്ക്‌:


തിരക്കുകളെക്കുറിച്ച്‌...

മകളുടെ കൂടെയാണ്‌ ഞാന്‍ എപ്പോഴും. അവളെ കളിപ്പിച്ചും പാഠങ്ങള്‍ പറഞ്ഞുകൊടുത്തുമൊക്കെ മാതൃത്വം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്‌. സനയുടെ കൂടെയാകുമ്പോള്‍ സമയം പോകുന്നതറിയില്ല.

കൊച്ചുകുട്ടികളെ പഠിപ്പിക്കാന്‍ നല്ല ഇഷ്‌ടമാണ്‌. ഞാന്‍ നൃത്തം അഭ്യസിപ്പിച്ച കുട്ടികളാണ്‌ പല പ്രമുഖ ഡാന്‍സ്‌ മത്സരങ്ങളിലും സമ്മാനം നേടുന്നത്‌.
ഒരുപാട്‌ യാത്രചെയ്‌ത്‌ പലപല വേദികളിലും നൃത്തം അവതരിപ്പിക്കാന്‍ ഒരുപാടിഷ്‌ടമാണ്‌. ഖജുരാഹോയില്‍ നിന്നും ഉജ്ജയിനില്‍ നിന്നുമൊക്കെ കോള്‍ വരുമ്പോള്‍ വളരെ സന്തോഷം തോന്നും.

നൃത്തത്തോടുള്ള അഭിനിവേശം

വളരെയേറെ തിരക്കുകളുള്ള ഒരു സെലിബ്രിറ്റിയുടെ ഭാര്യയാണ്‌ ഞാന്‍. ഒഴിവുസമയങ്ങളില്‍ എനിക്ക്‌ ആശ്വാസം പകരുന്നത്‌ നൃത്തമാണ്‌. അതെന്‍െറ കരിയറിന്‍െറയും ജീവിതശൈലിയുടെയും ഭാഗമായിക്കഴിഞ്ഞതാണ്‌. മാത്രമല്ല അതില്‍നിന്ന്‌ പേരും പ്രശസ്‌തിയും ലഭിക്കുന്നുമുണ്ട്‌.

നൃത്ത പഠനം

കെ ജി ക്‌ളാസില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. അമലാ ശങ്കര്‍ ആയിരുന്നു ആദ്യ ഗുരു. ആറാം ക്‌ളാസിലെത്തിയപ്പോള്‍ കേളുചന്ദ്ര മഹാപാത്രയുടെ ശിഷ്യയായി. ഗുരുജിയുടെ ശിഷ്യഗണങ്ങളും എനിക്ക്‌ പാഠങ്ങള്‍ പറഞ്ഞു തന്നിരുന്നു.
പത്താം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഡോവര്‍ ലേന്‍ മ്യൂസിക്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മാതാപിതാക്കളാണ്‌ എന്‍െറ ഏറ്റവും വലിയ അനുഗ്രഹം. പ്രഗല്ഭരായ ഗുരുക്കന്മാരെ വീട്ടില്‍ കൊണ്ടുവന്ന്‌ താമസിപ്പിച്ച്‌ നൃത്തം പഠിപ്പിക്കാന്‍ അവര്‍ താല്‍പര്യം കാട്ടി.
ഇന്ന്‌ ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ വിജയിച്ച്‌ വരുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്‌.


ദിക്ഷാ മഞ്ചരിയെക്കുറിച്ച്‌

ദിക്ഷാ മഞ്ചരി ആരംഭിച്ചിട്ട്‌ 10 വര്‍ഷമായി. ലതാജി (ലതാ മങ്കേഷ്‌കര്‍)യാണ്‌ അതിന്‍െറ ഉത്‌ഘാടനം നിര്‍വ്വഹിച്ചത്‌.
ബംഗാളിലെ തന്നെ ഏറ്റവും വലിയ പാഠ്യേതര സ്‌കൂളാണതെന്ന്‌ പലര്‍ക്കും അറിയില്ല. 2,000 വിദ്യാര്‍ത്ഥികളെ അവിടെ പ്രവേശിപ്പിക്കുന്നുണ്ട്‌. ഒഡീസി അഭ്യസിക്കാന്‍ മാത്രമായി 300-350 കുട്ടികളുണ്ട്‌. നീന്തല്‍, യോഗ, കരാട്ടെ, കഥക്‌, ഭരതനാട്യം, രബീന്ദ്രസംഗീതം, ക്‌ളാസിക്കല്‍ മ്യൂസിക്‌, തബല തുടങ്ങിയവയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്‌.


ദിക്ഷാ മഞ്ചരിയുടെ ഭാവി പദ്ധതികള്‍

സ്‌കൂള്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമത്തിലാണ്‌. സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു.

ഉത്തര്‍ പ്രദേശിലും ബിഹാറിലും ഇത്‌ പോലുള്ള വിദ്യാലയങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്‌.

പക്ഷേ മകള്‍ വളര്‍ന്ന്‌ വരുന്ന പ്രായമായതിനാല്‍ അവളുടെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. അവള്‍ മൂന്നാം ക്‌ളാസിലായതേ ഉള്ളൂ.

അവള്‍ ഹൈസ്‌കൂളില്‍ എങ്കിലും എത്തിയതിനു ശേഷം മാത്രമേ പൂര്‍ണ്ണമായും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കൂ.


ഗാംഗുലിയുമൊത്തുള്ള ജീവിതം

ഒരുപാട്‌ വര്‍ഷത്തെ പരിചയമുണ്ട്‌ ഞങ്ങള്‍ തമ്മില്‍. അദ്ദേഹം ഒരു ക്രിക്കറ്റര്‍ അല്ലായിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തിന്‍െറ ഭാര്യ ആകുമായിരുന്നു.
ചെറുപ്പത്തിലേ ക്രിക്കറ്റ്‌ കളിക്കാറുണ്ടായിരുന്ന സൗരവ്‌ ഇത്രയും പ്രശസ്‌തിയിലേക്ക്‌ ഉയരുമെന്ന്‌ കരുതിയിരുന്നില്ല. സ്വപ്‌നം കാണാന്‍പോലും സാധിക്കാത്ത സൗഭാഗ്യങ്ങള്‍ നല്‍കിയതിന്‌ ദൈവത്തോട്‌ നന്ദിയുണ്ട്‌.

ക്രിക്കറ്റുമായി ബന്ധപ്പെട്ട്‌ അന്ധവിശ്വാസങ്ങള്‍

അത്തരം കാര്യങ്ങള്‍ കഴിഞ്ഞുപോയല്ലോ. മികച്ച ഒരു കരിയറിന്‌ ശേഷം സൗരവ്‌ വിരമിച്ചു. ആ സൗഭാഗ്യങ്ങളുടെ ഭാഗമാവാന്‍ സാധിച്ചത്‌ മഹാഭാഗ്യമാണ്‌.

ആമിര്‍ വീട്ടിലെത്തിയപ്പോള്‍

അത്‌ തികച്ചും അപ്രതീക്ഷിതമായിരുന്നല്ലോ. ആമിറില്‍ നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. ചിത്രത്തിന്‍െറ പബ്‌ളിസിറ്റിക്കായി അദ്ദേഹത്തെപ്പോലൊരു സൂപ്പര്‍ താരം ഇറങ്ങുന്നതും, ആ കഠിനാധ്വാനവുമൊക്കെ മാതൃകയാക്കേണ്ടതാണ്‌.

ഇഷ്‌ടപ്പെട്ട ഹോബി

സനയുടെ കൂടെയിരിക്കാന്‍. അവളെ സിനിമയ്‌ക്ക്‌ കൊണ്ടുപോകാനും കഥ പറഞ്ഞുകൊടുക്കാനും നൃത്തം പഠിപ്പിക്കാനുംമൊക്കെ വളരെ ഇഷ്‌ടമാണ്‌. അവള്‍ നന്നായി ഡാന്‍സ്‌ ചെയ്യും.

സനയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍

അച്ഛന്‍െറ കഴിവുകള്‍ അവള്‍ക്കും കിട്ടിയിട്ടുണ്ട്‌. നീന്തല്‍, അത്‌ലറ്റിക്‌സ്‌, ടെന്നീസ്‌ എന്നിവയില്‍ അവള്‍ക്ക്‌ നല്ല താത്പര്യമുണ്ട്‌


പപ്പുവില്ലാത്ത പത്തുവര്‍ഷങ്ങള്‍....

ഭാവാഭിനയസാധ്യതയുടെ തീവ്രമുഹൂര്‍ത്തങ്ങള്‍ ഉള്ളിലെരിയുമ്പോഴും വിദൂഷക വേഷങ്ങളില്‍ ഒടുങ്ങി പോയ കുതിരവട്ടം പപ്പു അന്തരിച്ചിട്ട് ഫെബ്രുവരി 25ന് പത്തു വര്‍ഷം തികഞ്ഞു. മലയാളസിനിമയില്‍ മൂന്നു പതിറ്റാണ്ടിനിടെ മൂന്നു തലമുറനായകര്‍ക്കൊപ്പം സഞ്ചരിച്ചിരുന്നു ഈ കോഴിക്കോട്ടുകാരന്‍. പക്ഷെ, പപ്പു ആദ്യവും അവസാനവും കൊമേഡിയന്‍ റോളുകളില്‍ തളയ്ക്കപ്പെടുകയായിരുന്നു.

മോഹന്‍ലാലിനൊപ്പമായിരുന്നു അവസാനവര്‍ഷങ്ങളിലെ ഈ അഭിനയത്തികവ്. മലയാളസിനിമ ദശകങ്ങളായി ഏല്‍പ്പിച്ചു കൊടുത്ത വിദൂഷകവേഷത്തിന്റെ തനി യാവര്‍ത്തനം തന്നെയായിരുന്നു മണിചിത്രത്താഴും. ലാല്‍, പപ്പു കോമ്പിനേഷന്റെ കമ്പോള സാധ്യത്യയായിരുന്നു അവസാനവര്‍ഷങ്ങളിലും മലയാളസിനിമ ഈ മഹാനടനില്‍ പരീക്ഷിച്ചത്.

അടൂര്‍ ഭാസിയും ബഹദൂറും കുതിവട്ടവും ഒരേ കാലദൈര്‍ഘ്യത്തിലൂടെയായിരുന്നു സിനിമയില്‍ സഞ്ചരിച്ചത്. ഭാസിയെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ രക്ഷപ്പെടുത്തിയപ്പോഴും പപ്പുവും ബഹദൂറും പ്രേക്ഷക മനസുകളില്‍ തമാശക്കാര്‍ മാത്രമായി. കോടമ്പാക്കം കാലം കഴിഞ്ഞെത്തിയ മൂവരുടെയും അവസാനവര്‍ഷങ്ങള്‍ സമാനമായ മട്ടില്‍ ഏറെക്കുറെ വറുതികളുടേതുമായിരുന്നു. തിരശീലയില്‍ പപ്പു റിക്ഷക്കാരനും കൂട്ടികൊടുപ്പുകാരനും മദ്യപാനിയും മാത്രമായിരുന്നു. സത്യനും പ്രേംനസീറും മധുവും മമ്മൂട്ടിയും മോഹന്‍ ലാലും നായകവേഷങ്ങളില്‍ മാറി മാറിവന്നപ്പോഴും പപ്പുവിനെ മാത്രം ആരും മാറ്റിയില്ല.

ഒരു കീഴാളകഥാപാത്രത്തിന്റെ ബോഡി ഫ്രെയിമും ഈ നടനസ്വരൂപത്തിന് ബാധ്യത യായിരുന്നിരിക്കാം. പപ്പുവിന്റെ തലമുറ തീര്‍ത്തിട്ട വഴികളിലൂടെയയാരുന്നു പിന്നീട് ജഗതിയും ശ്രീനിവാസനും മാമുക്കോയയും ഇന്നസെന്റും കയറി വന്നത്. പക്ഷെ , അപ്പോഴേക്കും സിനിമയും സിനിമാനിര്‍മാണത്തിന്റെ മെക്കാനിസവും മാറിതുടങ്ങി യിരുന്നു. ഹാസ്യത്തിന്റെ ചേരുവുുകളും മേമ്പൊടിയും മാറി മറിഞ്ഞിരുന്നു.

കോഴിക്കോടിന്റെ പ്രമാദമായ നാടകവര്‍ഷങ്ങളില്‍ കര്‍ട്ടന്‍ വലിച്ചും വേദി ഒരുക്കി യുമാണ് അഭിനയത്തിന്റെ അക്ഷരമാലകള്‍ പപ്പു ഹൃദിസഥമാക്കിയത്. പപ്പുവിനൊപ്പം നടന്നെത്തിയവരായിരുന്നു കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്ക്കരനും ബാലന്‍ കെ നായരും.. അവസാനക്കാരനായിട്ടാണ് പപ്പു പോയത്. അവസാനവും പപ്പു ചിരിച്ചത് ഏറെക്കുറെ ദരിദ്രമായ സ്വന്തം ജീവിതാവസ്ഥയെ നോക്കിയായിരുന്നു
.

Thursday, February 25, 2010

മലയാള സിനിമയുടെ ശാപം വ്യാജനിരൂപകര്‍: പ്രകാശ് ബാരെ

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളുടെ സ്വപ്നസാക്ഷാത്കാരം, അതാണ് പ്രകാശ് ബാരെയ്ക്ക് "സൂഫി പറഞ്ഞ കഥ"യിലെ നായകവേഷം നല്‍കിയത്. സാങ്കേതികവിദ്യയുടെ തിരക്കുപിടിച്ച ലോകത്ത് നിന്നൊരു സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതില്‍ പ്രധാനവേഷം ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും പ്രകാശ് ബാരെ പറയുന്നു.

സിനിമയെയും നാടകത്തെയും പ്രണയിക്കുന്ന പ്രകാശ് ബാരെ തന്‍െറ കന്നി ചിത്രത്തിന്‍െറ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, ഒപ്പം മലയാള സിനിമയെക്കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാടുകളും.


സിനിമയെന്ന സ്വപ്നം


കുട്ടിക്കാലം മുതല്‍ക്കെ സിനിമ എന്റെ സ്വപ്നമായിരുന്നു. പഠിക്കുന്ന കാലത്തും എല്ലാ ചിത്രങ്ങളും കാണും.
യൂണിവേഴ്‌സിറ്റി ഇന്‍റര്‍സോണ്‍ കലോത്സവങ്ങളില്‍ മികച്ച നടനായിരുന്നു. പിന്നീട് ജോലി സംബന്ധമായി ബാംഗ്‌ളൂരിലേക്ക് പോയി. കാലിഫോര്‍ണിയയിലായിരുന്നപ്പോഴും നാടകങ്ങളില്‍ സജീവമായിരുന്നു. സൂഫി പറഞ്ഞ കഥയിലൂടെയുള്ള ആദ്യ ഭാഗ്യപരീക്ഷണത്തിന് ശേഷം ഞാന്‍ സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്‍െറ പഴയ തട്ടകമായ സാഹിത്യം, നാടകം എന്നിവയിലേക്കും തിരിച്ചു പോകണം. വിനോദം, വിദ്യാഭ്യാസം, ഊര്‍ജ്ജമേഖല എന്നിങ്ങനെയുള്ളതില്‍ വിവിധ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞാന്‍.

സൂഫി പറഞ്ഞ കഥയിലേക്ക്

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടുന്ന ചിത്രമാണിത്. ശക്തമായൊരു കഥയുണ്ടിതില്‍. പ്രിയനന്ദനന്‍ എന്ന പ്രതിഭാധനനായ സംവിധായകന് ആ കഥയോട് തോന്നിയ അഭിനിവേശമാണ് ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. ലോകത്തെ പല തരത്തിലുള്ള ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ കഥയില്‍ ചിത്രീകരിച്ചിരിക്കുന്ന സമൂഹം വേറിട്ട് നില്‍ക്കുന്ന ഒന്നാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി സമൂഹം വിപ്‌ളവകരമായ പല മാറ്റങ്ങളിലൂടെയും കടന്നു പോയി, അങ്ങനെ നോക്കുമ്പോഴാണ് "സൂഫി പറഞ്ഞ കഥ" പോലെയുള്ള ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. നമുക്ക് പിന്തിരിഞ്ഞ് നോക്കാനും കാര്യങ്ങളെ വ്യത്യസ്തരീതിയില്‍ സമീപിക്കാനും ഈ ചിത്രം പ്രേരകമാകുമെന്ന് തീര്‍ച്ച.


മാമൂട്ടിയെക്കുറിച്ച്

അഭിനയം തികച്ചും ആകസ്മികമായി സംഭവിച്ചതായിരുന്നു. ഈ വേഷം ചെയ്യാനായി മലയാളത്തിലെ പരിചിതമുഖങ്ങളെ അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ ആരും ഒത്തുവന്നില്ല. പ്രതിഫലം, ഡേറ്റ് എല്ലാം പ്രശ്‌നമായി വന്നു. മാമൂട്ടിയുടെ വേഷം ഞാന്‍ അഭിനയിച്ചാല്‍ മതിയെന്ന നിര്‍ദേശം കെ പി രാമനുണ്ണിയായിരുന്നു.


നാടകത്തില്‍ നിന്ന് സിനിമയിലേക്ക്

മലയാളത്തിലെ പതിവ് നായക കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ഈ കഥാപാത്രം. പല തലങ്ങളുണ്ടതിന്. അത് എത്രത്തോളം നന്നാക്കാനാവും എന്നതിനെക്കുറിച്ച് എനിക്കൊരു വ്യക്തതയും ഇല്ലായിരുന്നു. പക്ഷേ അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു.അഭിനയത്തിന്‍െറ പല ഭാവങ്ങളെയും കുറിച്ച് മനസ്‌സിലാക്കാനായത് എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നു.

കാഴ്ചയുടെ രസതന്ത്രം മറുന്നു

മലയാളസിനിമ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു പരിണാമ ഘട്ടത്തിലാണ് നമ്മള്‍. സാങ്കേതികവിദ്യ, ബിസിനസ് മോഡലുകള്‍, കാഴ്ചയുടെ രസതന്ത്രം- എല്ലാം മാറുകയാണ്. ലോകസിനിമ ഈ മാറ്റങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മള്‍ ഇത് അംഗീകരിക്കാന്‍ വൈകിപ്പോവുകയാണ്.

കൂടുതല്‍ റിലീസുകള്‍ പ്രോത്സാഹിപ്പിക്കണം. പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം, തിയറ്ററുകളുടെ നവീകരിക്കണം, കൂടുതല്‍ മള്‍ട്ടിപ്ളെക്‌സുകള്‍,സബ്‌സിഡികള്‍- ഇവയൊന്നും ഇല്ലാതെ ഇനി മുന്നോട്ട് പോകാന്‍ പ്രയാസമാണ്. വ്യാജ സിഡികള്‍ക്കും തടയിടേണ്ടതുണ്ട്.

ശാപം വ്യാജനിരൂപകര്‍

സിനിമാനിരൂപകരെന്ന പേരില്‍ വേഷം കെട്ടിയിറങ്ങുന്ന ആളുകളാണ് നമ്മുടെ ഏറ്റവും വലിയ ശാപം. പ്രേക്ഷകരില്‍ നിന്ന് ഏറെ ദൂരെയാണവര്‍. അവര്‍ തിരക്കഥ വായിക്കില്ല, സിനിമയും കാണില്ല. ഈ തെറ്റായ വിലയിരുത്തലുകളാണ് 95% സിനിമകളുടെയും പരാജയത്തിന് കാരണം. പരിഹാസ്യമായ രീതിയിലാണ് അവര്‍ ചിത്രങ്ങളെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര ചലചിത്രമേളയില്‍ സൂഫി പറഞ്ഞ കഥ പ്രദര്‍ശിപ്പിച്ചത് ഗുണകരമായി. അങ്ങനെയാണ് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം വിതരണത്തിനായി ഏറ്റെടുത്തത്.

ചിത്രത്തിന്‍െറ കാലികപ്രസക്തി

സിനിമ കണ്ട പലരുമെന്ന സമീപിച്ചപ്പോള്‍ പറഞ്ഞത് "ഇന്നത്തെ കാലഘട്ടത്തില്‍ പറഞ്ഞിരിക്കേണ്ട കഥയാണിത്, കഥ നന്നായി പറഞ്ഞിട്ടുമുണ്ട്" എന്നാണ്. ഒരുപാടുവര്‍ഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ താമസിച്ചയാളാണ് ഞാന്‍, മതത്തിന്‍െറയും സമൂഹത്തിന്‍െറയുമൊക്കെ അതിര്‍വരമ്പുകള്‍ എത്ര ശക്തമാണെന്ന് നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ബീവികളെയും സൂഫികളെയും ആരാധിക്കുന്ന ഹിന്ദു- മുസ്‌ളീം മതസ്ഥര്‍ കേരളത്തില്‍ ഒരുപാടുണ്ട്. ലൗ ജിഹാദിന്‍െറയും തീവ്രവാദക്കേസുകളുടെയും പശ്ചാത്തലത്തില്‍ ഈ പ്രമേയം വളരെ പ്രസക്തമാണ്.

പ്രിയനന്ദനനോടൊപ്പം

പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ എനിക്ക് പ്രിയനന്ദനനെ അറിയാം.വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പുലിജന്മം എന്ന ചിത്രം കാണാനിടയായി. ആസ്വാദനത്തിന്‍െറ വ്യത്യസ്ത തലങ്ങളുള്ള ആ സിനിമ നന്നായി ഇഷ്ടപ്പെട്ടു.സൂഫി പറഞ്ഞ കഥയിലാകട്ടെ ഓരോ സീന്‍ ഷൂട്ട് ചെയ്യുമ്പോഴും അതില്‍നിന്ന് മികച്ച റിസല്‍ട്ട് ലഭിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. മലയാളമറിയാത്ത ഷര്‍ബാനി മുഖര്‍ജിയുമായുള്ള അദ്ദേഹത്തിന്‍െറ സംഭാഷണം കൗതുകകരമായിരുന്നു.പ്രിയനന്ദനന്‍, കാമറാമാന്‍ കെ ജി ജയന്‍, എഡിറ്റര്‍ വേണുഗോപാല്‍ എന്നിവരുടെ മാനസീകമായ പൊരുത്തം സീനുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.


കരിയര്‍


നാടകം, സിനിമ- രണ്ടും ഞാന്‍ ഗൗരവമായിത്തന്നെയാണ് കാണുന്നത്. ഈയിടെ എം ജി ശശിയുടെ "ജാനകി"യില്‍ ഞാനൊരു നെഗറ്റീവ് വേഷം ചെയ്തു. എഴുപത് കഴിഞ്ഞൊരു ഗാന്ധിയന്‍ എടുത്ത് വളര്‍ത്തുന്ന തെരുവുപെണ്‍കുട്ടിയുടെ കഥയാണിത്.

മറ്റൊരു പ്രൊജക്ട് ദീദി ദാമോദരന്‍െറ തിരക്കഥയില്‍ സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നു. ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
ബാംഗ്‌ളൂരിലെയും സിലിക്കണ്‍ വാലിയിലെയും ഐ ടി ജീവനക്കാരുടെ ജീവിതം പ്രമേയമാക്കിയുള്ള ഇംഗ്‌ളീഷ് നാടകത്തിലും വേഷമിടുന്നുണ്ട്.ചില ഫീച്ചര്‍, ആനിമേറ്റഡ് പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

സി പി എം: കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം


സി പി എം: കൊഴിഞ്ഞുപോക്കിന്റെ രാഷ്ട്രീയം


അപ്പു നാരായണന്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിനുപിറകേ ഒന്നായുള്ള മുന്‍ എംപിമാരുടെ കൊഴിഞ്ഞുപോക്ക് സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ ഗൌരവകരമായി കാണേണ്ട ഒന്നാണ്.മഹത്തായ ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിത്തറയില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ് പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. മാര്‍ക്സിസമെന്നാല്‍ ഒത്തുതീര്‍പ്പില്ലാത്ത ആദര്‍ശം തന്നെയാണ്. എന്നാല്‍ മാര്‍ക്സിസത്തെയും റിവിഷനിസത്തെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നിടത്താണ് പാര്‍ട്ടിയുടെ പതനം ആരംഭിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യ അധികാരം നിലനിര്‍ത്തുന്നതിനായി പാര്‍ട്ടി നയങ്ങളില്‍ വെള്ളം ചേര്‍ക്കാനാരംഭിച്ചിട്ട് ഏറെ നാളുകളായി. ആദര്‍ശങ്ങള്‍ക്കുപരിയായി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാറുള്ള അടവുനയങ്ങള്‍, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തത്വശാസ്ത്രങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന പ്രവണതകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള തിരിച്ചടികളാണ് സിപിഎം എന്ന പ്രസ്ഥാനം ഇപ്പോള്‍ നേരിടുന്നത്. ഏറ്റവുമൊടുവിലായി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മതവിശ്വാസത്തിന്റെ കാര്യമെടുത്താലും ഇക്കാര്യം വ്യക്തമാണ്.

പല നേതാക്കളുടെയും വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നതാണ്. പാര്‍ട്ടി പല കാലങ്ങളിലായി അതിന്റെ ആശയത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിക്കുറയ്ക്കലുകളോ ആണ് ഇത്തരത്തിലുള്ള വിരുദ്ധനിലപാടുകള്‍ക്ക് കാരണം. മനുഷ്യസത്തയുടെ മിഥ്യയായ സാക്ഷാത്കാരം മാത്രമാണ് മതമെന്നും സത്യമായ ഒരു യാഥാര്‍ത്ഥ്യം അതിനില്ലെന്നും മാര്‍ക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസത്തിലൂന്നിയ ഒരു കമ്മ്യൂണിസത്തെപ്പറ്റി മാര്‍ക്സ് ഒരിടത്തുപോലും പറയുന്നില്ലെന്ന് മാത്രമല്ല സമൂഹത്തില്‍ മതത്തിന്റെ ഇടപെടലുകളെ ചെറുത്തു നില്‍ക്കണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും അഭിനവശിഷ്യന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നത് എന്തുകൊണ്ടാണ്. മാര്‍ക്സിസത്തിന് മതത്തോട് എതിര്‍പ്പില്ലെന്നും വര്‍ഗ്ഗീയതയെയും മതമൌലികവാദത്തെയുമാണ് പാര്‍ട്ടി എതിര്‍ക്കുന്നതുമെന്ന പിണറായി അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ മാര്‍ക്സിന്റെയും ലെനിന്റെയും തത്വങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.

മതത്തെയും വിശ്വാസത്തെയും ജാതിയെയും മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കു മുന്നേറാനാവില്ലെന്ന് ഒരുപക്ഷേ നേതാക്കള്‍ നേരത്തെ മനസ്സിലാക്കിയിരിക്കാം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളില്‍ സമുദായസംഘടനകളുടെ ആസ്ഥാനങ്ങളിലും അരമനകളിലും കയറിയിറങ്ങി കൃഷ്ണനും ക്രിസ്തുവുമെല്ലാം കമ്മ്യൂണിസ്റ്റ് വിരോധികളല്ലെന്ന് അവര്‍ വിശ്വസിപ്പിച്ചു .

ഫലത്തില്‍ രാഷ്ട്രീയമായി ചില താത്കാലിക ലാഭങ്ങളുണ്ടാക്കാനായെന്നത് ശരി തന്നെ. എന്നാല്‍ അതേ ആയുധം സ്വന്തം നേര്‍ക്ക് പാഞ്ഞടുക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നു
പാര്‍ട്ടിയുടെ പരമോന്നത നേതൃത്വത്തിന് തെറ്റായി തോന്നുന്ന കാര്യങ്ങള്‍ താഴെത്തട്ടിലേക്കെത്തുമ്പോഴേക്കും ശരിയായി പരിണമിക്കുന്ന പ്രതിഭാസത്തിന് കാരണവും കാലാകാലങ്ങളായി ചില കോണുകളില്‍ നിന്നുയരുന്ന അവസരവാദ നിലപാടുകള്‍ തന്നെയാണ്. മതരാഷ്ട്രീയമെന്ന ആശയം മതേതര രാഷ്ട്രീയത്തോടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.

സി പി എമ്മിന്റെ ഭാവിയെന്ത് ?

സിപിഎമ്മിന്റെ തണലില്‍ ഭരണത്തിലേറി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്നീടൊരവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം പാര്‍ട്ടി വിട്ടിറങ്ങിയവരാണ് അബ്ദുള്ളക്കുട്ടി മുതല്‍ എസ് ശിവരാമന്‍ വരെയുള്ളവര്‍. മലയോര ജില്ലയില്‍ നിന്നുള്ള ഒരു എംഎല്‍എ കൂടി രാജിക്കൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. സ്ഥാനമാനങ്ങള്‍ തേടിപ്പോകുന്ന ഇത്തരം അബ്ദുള്ളക്കുട്ടിമാരെ എന്തിനാണ് പാര്‍ട്ടി ഇതുവരെ ചുമന്നുകൊണ്ടു നടന്നത്? മലബാര്‍മേഖലയില്‍ മുസ്‌ലിം വിശ്വാസികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്നത് . പാര്‍ട്ടിയുടെ ആശയസംഹിതകളെ മറികടന്നുകൊണ്ടുള്ള ഒരു അടവുനയത്തിന്റെ ഭാഗമായിരുന്നു ഇതും. പക്ഷേ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്കുള്ളിലും തന്റേതായ ആദര്‍ശങ്ങളും വിശ്വാസങ്ങളും തുടരുകയാണ് ചെയ്തത്.

അബ്ദുള്ളക്കുട്ടിയുടെ കാഴ്ചപ്പാടുകളോട് നേരത്തെ തന്നെ തനിക്ക് വിയോജിപ്പുണ്ടായിരുന്നതായും എന്നാല്‍ ചില പരിമിതികള്‍ പ്രതികരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. നേതൃത്വം കല്‍പ്പിക്കുന്ന ആശയവ്യതിയാനത്തിന്റെ അടിച്ചേല്‍പ്പിക്കലുകളെ തെറ്റെന്നറിഞ്ഞിട്ടും അംഗീകരിക്കേണ്ടി വരുന്ന മാര്‍ക്സിസ്റ്റ് അനുയായികളുടെ ദുരവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്.

രാഷ്ട്രീയനേട്ടങ്ങള്‍ക്കായി അതത് മേഖലകളില്‍ ഭൂരിപക്ഷം നില്‍ക്കുന്ന മത,സമുദായ വിഭാഗങ്ങളെ കൂടെ കൂട്ടുന്ന പാര്‍ട്ടി, പക്ഷേ അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം.
ആലപ്പുഴയില്‍ കെ എസ് മനോജിന്റെയും എറണാകുളത്ത് സെബാസ്ററ്യന്‍ പോളിന്റെയും കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ യുവജനവിഭാഗം നേതാവായിരിക്കെയാണ് മനോജ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കെത്തിച്ചേരുന് നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എക്കാലവും അപ്രാപ്യമായിരുന്ന ഇരുമണ്ഡലങ്ങളും നേടിയെടുക്കാന്‍ ഇരുവരെയും സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നും അല്ലാതെയും തങ്ങളുടെ മതഭക്തി വെളിപ്പെടുത്താന്‍ ഇവര്‍ പ്രത്യേക ശ്രദ്ധകാട്ടി. സഭയുമായുള്ള നല്ലൊരു ബന്ധത്തിനാണ് പാര്‍ട്ടി എക്കാലത്തും തന്നെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നുള്ള സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തല്‍ മതത്തെകൂടി പാര്‍ട്ടിയുടെ ആശയസംഹിതയില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒരു വിഫലശ്രമമായിരുന്നു.

രാഷ്ട്രീയമോ മതമോ ഏതുവേണമെങ്കിലും മാറിമാറി ഉപയോഗപ്പെടുത്താമെന്ന ഡ്യുവല്‍ ഓപ്ഷനും ഇതിലൂടെ ഉന്നമിടുന്നുണ്ട്. ഭരണം നഷ്ടമായ ഇവരെ കൂടെ നിര്‍ത്താന്‍ മാത്രം പോന്ന ആശയസമ്പന്നത സിപിഎമ്മിന് ഇല്ലെന്നത് വാസ്തവമാണ്.

രാഷ്ട്രീയപരമായി പാര്‍ട്ടിക്കൊപ്പമായിരുന്നെങ്കിലും ജീവിതത്തില്‍ മാര്‍കിസ്റ്റുകളല്ലാതിരുന്നവരാണ് ഇറങ്ങിപ്പോയിരിക്കുന്ന എല്ലാ മുന്‍ എംപിമാരും എന്ന കാര്യം ശ്രദ്ധിക്കുക. ഭരണതലങ്ങളില്‍ പ്രാതിനിധ്യമോ സ്ഥാനമാനങ്ങളോ ഇല്ലാതെ പാര്‍ട്ടി ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടു പോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാഞ്ഞതും അതുകൊണ്ട് തന്നെയാണ്.

അബ്ദുള്ളക്കുട്ടിയും മനോജും മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിക്ക് പുറത്തേക്കു ചാടിയതെങ്കില്‍ ശിവരാമന്റേത് പാര്‍ട്ടിയിലെ നേതാക്കളുടെ ആഡംബരത്തോടുള്ള എതിര്‍പ്പായിരുന്നു. ആ ശിവരാമന്‍ തന്നെയാണ് ആര്‍ഭാടത്തിനും അച്ചടക്കമില്ലായ്മയ്ക്കും പേരുകേട്ട കോണ്‍ഗ്രസ്സില്‍ ചേരാനൊരുങ്ങുന്നതെന്നത് വൈരുധ്യമായിരിക്കാം. അല്ലെങ്കില്‍ തന്നെ സിപിഎം നേതൃത്വത്തിന്റെ മാര്‍ക്സിസ്റ്റു വിരുദ്ധ സമീപനത്തോട് വിയോജിച്ച് കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നതില്‍ എന്ത് രാഷ്ട്രീയ മാന്യതയാണുള്ളത്.

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന അബ്ദുള്ളക്കുട്ടിയെയും മനോജിനെയും പോലുള്ളവര്‍ മൌലികമായ അടിസ്ഥാനതത്വങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് സിപിഎമ്മിനെ പോലൊരു പേരുകേട്ട ജനാധിപത്യപാര്‍ട്ടിയോടാണ്. ഗൌരി അമ്മയും എംവി രാഘവനും മുതല്‍ പാര്‍ട്ടിവിട്ടിറങ്ങിയവര്‍ ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യത്തിനാണ് പുതിയ കുട്ടികള്‍ മുറവിളി കൂട്ടുന്നത്. ഒരുപക്ഷേ മുമ്പ് ചെയ്തുപോയ ചില എടുത്തുചാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്ക് കിട്ടിയ ശിക്ഷ കൂടിയാകാം ഇത്.

ടി കെ ഹംസയെയും ചെറിയാന്‍ ഫിലിപ്പിനെയുമെല്ലാം ഉപയോഗിച്ച് കോണ്‍ഗ്രസ്സിനെ അടിച്ച അതേ വടികൊണ്ട് തന്നെ ശിവരാമന്റെയും അബ്ദുള്ളക്കുട്ടിയുടെയും രൂപത്തില്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്.

നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹം മൂലം പാര്‍ട്ടി രോഗാതുരമാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതിബദ്ധതയും വര്‍ഗ്ഗബോധവുമെല്ലാം സ്വയം ബലികഴിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിത്തുടങ്ങുന്നതിന്റെ സൂചന കൂടിയാണിത്. കാള്‍ മാക്സ് സ്ഥാപിച്ചതും ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രയോഗത്തില്‍ വരുത്തിയതുമായ ക്ളാസിക്കല്‍ കമ്മ്യൂണിസത്തിന്റെ കാലം അവസാനിച്ചെന്നാണ് പുത്തന്‍ പണക്കാരുടെയും തിരുത്തല്‍വാദികളുടെയും കണ്ടെത്തല്‍.

അക്രമത്തിന്റ പാത ഉപേക്ഷിച്ച് ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ വിപ്ളവം വിജയിപ്പിച്ചെടുത്ത ചരിത്രമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമാന സമീപനം മതത്തിന്റെ കാര്യത്തിലും ആകാമെന്ന് ഇവര്‍ വാദിക്കുന്നു. എന്തായാലും രോഗമെന്തെന്ന് കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഏറെ നിര്‍ണായകമാകുന്നത് അതിനുള്ള ചികിത്സയാണ്. അത്തരമൊരു അഴിച്ചുപണി സാധ്യമാകുന്ന കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അന്യം വന്നുകഴിഞ്ഞോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം
.